കൊച്ചി: കേബിളില്‍ കുരുങ്ങിയുള്ള അപകടങ്ങള്‍ തുടര്‍കഥയായിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ സംവിധാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്നും കൊച്ചിയില്‍ യാത്രക്കിടെ കഴുത്തില്‍ കേബിള്‍ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്. അഭിഭാഷകനായ കുര്യനാണ് പരിക്കേറ്റത്. എംജി റോഡില്‍ ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
രാവിലെ മകളെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വിട്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കേബിള്‍ കുടുങ്ങി വണ്ടിയില്‍ നിന്ന് താഴെ വീണ കുര്യന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയില്‍ കേബിള്‍ കുടുങ്ങി അപകടം തുടര്‍ക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. അപകടമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും വേഗം മാറ്റണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തൊട്ടു പിന്നാലെയാണിപ്പോള്‍ വീണ്ടും അപകടമുണ്ടായിരിക്കുന്നത്.


