പാലക്കാട്: പതിനാലു വര്‍ഷം മുമ്പ് പാലക്കാട് നിന്നും കാണാതായ കുട്ടിയെ കോഴിക്കോട് ജില്ലയില്‍ നിന്നും പൊലീസ് കണ്ടെത്തി. 2008-ല്‍ കാണാതായ ലിംനേഷിനെ(26) ആണ് കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്തു നിന്ന് പൊലീസ് കണ്ടെത്തിയത്.
2008-ല്‍ അമ്മയുടെ ചികിത്സാവശ്യത്തിനായി പാലക്കാടെത്തിയതായിരുന്നു 12 വയസ്സുക്കാരന് ലിംനേഷ്. അമ്മയുടെ അസുഖം കൂടിയതോടെ കുട്ടിയെ ഇടക്കുറിശ്ശി തിരുകുടുംബാശ്രമം അനാഥാലയത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും ലിംനേഷിനെ കാണാതാവുകയായിരുന്നു.
പാലക്കാട്ടു നിന്നും കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടെക്കെത്തുകയായിരുന്നു ലിംനേഷ്. തുടര്‍ന്ന് ലിംനേഷിനെ കോഴിക്കോട് പൊലീസ് പെരിങ്ങളത്തെ അഭയ കേന്ദ്രത്തിലെത്തിച്ചു. അഭയകേന്ദ്രത്തില്‍ താമസിച്ചുകൊണ്ടു തന്നെ പഠനം പൂര്‍ത്തിയാക്കി.
പൊലീസ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇയാള്‍ നല്കിയ അപേക്ഷയുടെ വിവരങ്ങള്‍ തേടി കോഴിക്കോട്ടേ പൊലീസ് പാലക്കാട് അന്വേഷണം നടത്തി. തുടര്‍ന്ന് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സ്ക്വാഡാണ് ഇയാളെ കണ്ടെത്തിയത്. ലിംനേഷിനെ പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


