പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് വിട ചൊല്ലി കുടുംബം. നൂറാം വയസ്സില്‍ അന്തരിച്ച ഹീരാബെന്നിന്റെ സംസ്കാരം അല്പസമയം മുന്‍പ് ഗാന്ധിനഗറിലെ ശ്മാശനത്തില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്.
മാതാവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയില്‍ നിന്നും അഹമ്മദാബാദില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒന്‍പതരയോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാവുകയും ചെയ്തു.
തങ്ങളുടെ മാതാവിന്റെ വിയോഗവാര്‍ത്തയില്‍ അനുശോചിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തവര്‍ക്ക് കുടുംബം നന്ദിയിറയിച്ചു. മാതാവിന്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാവണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.
രാഹുല്‍ ഗാന്ധി അടക്കം പ്രമുഖ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഹീരാബെന്നിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.


