കോണ്‍ഗ്രസിനെതിരായ മോദിയുടെ ദുര്‍മന്ത്രവാദ പരിഹാസത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകള്‍ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയരുതെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കൊള്ളരുതായ്മകള്‍ മറച്ചുവയ്ക്കാനാണ് മോദിയുടെ ശ്രമം. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാനമന്ത്രി കാണുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളില്‍ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കറുത്ത വസ്ത്രം അണിഞ്ഞ് കോണ്‍ഗ്രസ് നടത്തിയ വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തെ കഴിഞ്ഞ ദിവസം മോദി പരിഹസിച്ചിരുന്നു. നിരാശ ബാധിച്ച ചിലര്‍ ദുര്‍മന്ത്രവാദവുമായി ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു പരിഹാസം. കറുത്ത വസ്ത്രം അണിഞ്ഞാല്‍ നിരാശ മാറുമെന്ന് ചിലര്‍ കരുതുന്നു.
ദുര്‍മന്ത്രവാദം നടത്തിയാലും അന്ധവിശ്വാസം പ്രചരിപ്പിച്ചാലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകില്ലെന്ന് എംപിമാരുടെ പ്രതിഷേധത്തെ ഉന്നം വച്ച് മോദി വിമര്‍ശിച്ചിരുന്നു. പാനിപത്തിലെ എഥനോള്‍ പ്ലാന്റ് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസിന് നേരെയുള്ള മോദിയുടെ പരിഹാസം.


