യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും വീടുകള്‍ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. മറുവശത്ത്, യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ആദ്യ ദിവസം മുതല്‍ സ്വന്തം നാട് വിട്ടുപോകാന്‍ വിസമ്മതിച്ചു. ഭാര്യ ഒലീന സെലെന്‍സ്കയും ഭര്‍ത്താവിനൊപ്പമുണ്ട്. സോഷ്യല്‍ മീഡിയ വഴിയും അവള് നിരന്തരം ആളുകളോട് സംസാരിക്കുന്നു. ഇപ്പോഴിതാ യുക്രൈന്റെ പ്രഥമ വനിത സെലെന്‍സ്ക തന്റെ ഭര്‍ത്താവിനെയും രാജ്യത്തെയും പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
‘എന്റെ പ്രിയപ്പെട്ട നാട്ടുകാരെ! ഇന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും ടിവിയിലും തെരുവുകളിലും ഇന്റര്‍നെറ്റിലും കാണുന്നു. ഞാന്‍ നിങ്ങളുടെ പോസ്റ്റുകളും വിഡിയോകളും കാണുന്നുണ്ട്, എന്റെ നാടിന്റെ മണ്ണില്‍ നിങ്ങളോടൊപ്പം ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ ഭര്‍ത്താവിനും പൊതുജനത്തിനുമിടയില്‍ ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.’ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മറ്റൊരു പോസ്റ്റില്‍ യുക്രെയ്നില്‍ കഴിഞ്ഞ ദിവസം ജനിച്ച കുട്ടിയുടെ ചിത്രവും അവര്‍ പങ്കുവച്ചു. ‘ഈ കുട്ടി ജനിച്ചത് കീവ് ബോംബ് ഷെല്‍ട്ടറിലാണ്. വ്യത്യസ്ത സാഹചര്യങ്ങളിലും സമാധാനാന്തരീക്ഷത്തിലും ഈ കുഞ്ഞ് ജനിക്കണമായിരുന്നു. നമ്മള് സൈന്യമാണ്, അത് നിങ്ങള്‍ കുട്ടികള്‍ കാണണം.’ സെലെന്‍സ്ക കുറിച്ചു.
ഒലീന സെലെന്‍സ്ക ആര്‍ക്കിടെക്റ്റും, തിരക്കഥാകൃത്തുമാണ്. സ്റ്റുഡിയോ ക്വാര്‍ട്ടില്‍-95 എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ സഹസ്ഥാപകയുമാണ് ഒലീന. ഇപ്പോഴും ചില ഷോകളിലും സിനിമകളിലും സ്ക്രിപ്റ്റ് എഴുതാറുമുണ്ട് ഒലീന. ഒലീന സെലെന്‍സ്കയുടെയും സെലെന്‍സ്കിയുടെയും വിവാഹം 2003 ലാണ് നടന്നത്. 2019-ല്‍, ഫോക്കസ് മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 യുക്രേനിയക്കാരുടെ പട്ടികയില്‍ സെലെന്‍സ്ക 30-ാം സ്ഥാനത്തെത്തി.


