തുടര്‍ച്ചയായ മൂന്നാം ജയം തേടി ഇറങ്ങിയ രാജസ്ഥാന് റോയല്‍സിനെ പിടിച്ചു കെട്ടി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. 37 റണ്‍സിനാണ് കൊല്‍ക്കത്ത രാജസ്ഥാനെ കീഴ്പ്പെടുത്തിയത്. കൊല്‍ക്കത്ത മുന്നോട്ടുവച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഷാര്‍ജയിലെ ബാറ്റിംഗ് കണ്ടീഷനില്‍ നിന്ന് ദുബായ് സ്റ്റേഡിയത്തിലേക്കെത്തിയ രാജസ്ഥാന് ബാറ്റ്സ്മാന്മാര്ക്ക് സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. 54 റണ്‍സെടുത്ത ടോം കറന് ആണ് രാജസ്ഥാന്റെ ടോപ്പ് സ്കോറര്‍.
കൊല്‍ക്കത്ത ബൗളര്‍മാരുടെ കണിശതയോടെയുള്ള ബൗളിങ്ങാണ് രാജസ്ഥാനെ പിടിച്ചു കെട്ടിയത്. കമിന്‍സ് മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ശിവം മവി നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് 2 വിക്കറ്റ്. കമലേഷ് നാഗര്‍കോട്ടിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവും ഒരു വിക്കറ്റ് പിഴുതു.
ആദ്യ പന്ത് മുതല്‍ തന്നെ സ്ലോഗ് ചെയ്യാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 3 റണ്‍സെടുത്ത് മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ കാര്‍ത്തികാണ് സ്മിത്തിനെ പിടികൂടിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജുവും (8) മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ശിവം മവിയെ ഗാലറിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ സഞ്ജു നരേന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. റോബിന് ഉത്തപ്പയും റിയാന്‍ പരഗും നഗര്‍കൊടി എറിഞ്ഞ എട്ടാം ഓവറില്‍ പുറത്തായി. ഉത്തപ്പയെ (2) ശിവം മവി പിടികൂടിയപ്പോല്‍ പരഗ് (1) ശുഭ്മന്‍ ഗില്ലിന്റെ കൈകളില്‍ അവസാനിച്ചു.
കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുല്‍ തെവാട്ടിയയെ (14) വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി. ശ്രേയാസ് ഗോപാലിനെ (5) നരേന് കാര്‍ത്തികിന്റെ കൈകളില്‍ എത്തിച്ചു. ജോഫ്ര ആര്‍ച്ചറിനെ (6) വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ നഗര്‍കൊടി അതിഗംഭീരമായി കയ്യിലൊതുക്കി. വരുണിനെതിരെ സിക്സര്‍ ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ആര്‍ച്ചര്‍ പുറത്തായത്. ഉനദ്കട്ടിനെ (9) നഗര്കൊടിയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവും വിക്കറ്റ് വേട്ടയില്‍ പങ്കുചേര്‍ന്നു. ടോം കറന് നേടിയ റണ്‍സാണ് രാജസ്ഥാനെ 130 കടത്തിയത്. 35 പന്തുകളില്‍ കറന് തന്റെ ആദ്യ ഐപിഎല്‍ ഫിഫ്റ്റി തികച്ചു. 19ആം ഓവര്‍ എറിഞ്ഞ നരേനെ മൂന്ന് സിക്സറുകള്‍ അടിച്ചാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ അര്‍ധസെഞ്ചുറി കുറിച്ചത്. 36 പന്തുകളില്‍ 54 റണ്‍സെടുത്ത് കറനും 7 റണ്‍സെടുത്ത് അങ്കിത് രാജ്പൂതും പുറത്താവാതെ നിന്നു.

