ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാം തുറക്കും. ഡാം തുറക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അനുമതി നല്കി. ചാലക്കുടിപ്പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കനത്തമഴയില്‍ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍ ഡാമുകള്‍ ഒരേ സമയം നിറഞ്ഞിരിക്കുകയാണ്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേരള ഷോളയാര്‍ ഡാം തുറന്നുവിടുന്നതോടെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും ചാലക്കുടിപ്പുഴയിലേക്കും കൂടുതല്‍ വെളളമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിന്റെ അധീനതയിലുളള ലോവര്‍ ഷോളയാറില്‍ രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു.2,663 അടിയാണ് ലോവര്‍ ഷോളയാര്‍ ഡാമിന്റെ പൂര്‍ണ സംഭരണശേഷി. ശനിയാഴ്ചയോടെ തന്നെ ജലനിരപ്പ് 2,660.02 അടിയായി ഉയര്‍ന്നിരുന്നു.ഇപ്പോഴത്തെ ജലനിരപ്പ് സംബന്ധിച്ച കണക്ക് പുറത്തുവന്നിട്ടില്ല.


