സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കും. കേരളത്തിലേത് ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളാണ് നടക്കാന്‍ പോകുന്നത്. കൂടാതെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് ആയിരിക്കും.
മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് കേരളത്തില്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കുക. 24ന് ഫലം പ്രഖ്യാപിക്കും. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രണ്ടിടത്തും ബിജെപിയാണ് ഭരിക്കുന്നത്. ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ വികാരം നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. രണ്ടിടത്തും കോണ്‍ഗ്രസിന് ജീവന്മരണ പോരാട്ടമാണ്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത് ബിജെപിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ നാലാണ്. സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ ഏഴ് ആയിരിക്കും.

