കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ഒാണാശംസയെ പരിഹസിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ക്കെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ. ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കൊരു സന്ദേശം എന്ന കുറിപ്പോടെയുള്ള ആശംസയിലാണ് പരിഹാസവുമായി സെക്രട്ടറി സന്ദീപ് എത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ഒാണ സന്ദേശം കുട്ടികള്‍ക്ക് മനസിലാകില്ലെന്നാണ് സന്ദീപ് കുറിച്ചത്.
വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം ആണ്. കേള്‍ക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസ്സിലാകരുത് എന്ന് നിര്‍ബന്ധം ഉള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി- എന്നായിരുന്നു സന്ദീപിന്റെ ട്വീറ്റ്. എന്നാല്‍ അത് കുട്ടികള്‍ക്ക് മനസിലാകുമെന്നും സ്കൂളില്‍ പോകാതെ ശാഖയില്‍ പോയാല്‍ ഇങ്ങനെയൊക്കെ തോന്നുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ സന്ദീപിനുള്ള മറുപടി. മലയാളം മാത്രമാണ് മന്ത്രി പറഞ്ഞത്, ശാഖയില്‍ പോവുന്നതിന് പകരം സൗജന്യ സാക്ഷരത ക്ലാസുകളില്‍ പോകണമെന്നും ചിലര്‍ സന്ദീപിനെ ഉപദേശിച്ചു.
അത്തം മുതല്‍ വൃത്താകൃതിയിലിടുന്ന പൂക്കളം തുടര്‍ന്ന് വലിയ വൃത്തങ്ങളായി വളരും. ഇത് ദ്വിമാനത്തില്‍ മനസ് വളരേണ്ടതിന്റെ പ്രതീകാത്മക രൂപഭാവമാണ്. ഒടുവില്‍ തിരുവോണ ദിവസം തൃക്കാക്കരയപ്പനിലൂടെ പൂക്കുന്നിലൂടെയും മനസ്സ് ദ്വിമാനത്തില്നിന്ന് ത്രിമാനത്തിലേക്ക് വളരുന്നതായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്കുള്ള മനസ്സിന്റെ വളര്‍ച്ചയുടെ പ്രതീകാത്മക രൂപം കൂടിയാണിത്. ഈ ദിശയിലുള്ള മനസ്സിന്റെ വളര്‍ച്ചയുടെ കൊടുമുടിയിലാണ് മാനുഷരെല്ലാം ഒന്നുപോലെ എന്ന മതനിരപേക്ഷ സംസ്കാരമുണ്ടാവുന്നതെന്നും മന്ത്രി സന്ദേശത്തില്‍ പറയുന്നു.


