കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിഹ്ന തര്‍ക്കത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫിന് ചിഹ്നം പോലുമില്ലാത്ത തെരഞ്ഞെടുപ്പാണിതെന്ന് കോടിയേരി പറയുന്നു. നേരത്തെ ഒട്ടകവും കൊണ്ട് ജോസഫ് പോയി, ഇപ്പോള്‍ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പോ പുലിയാണോ ചിഹ്നമെന്ന് അറിയില്ലെന്നായിരുന്നു കോടിയേരിയുടെ പരിഹാസം. പാലായില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കിയാല്‍ സിപിഎം അതില്‍നിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം വിശ്വാസികളോട് നിലപാട് വിശദീകരിക്കും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലല്ലെന്നും കോടിയേരി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും വിശ്വാസികളെ കബളിപ്പിച്ചു. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണ് പറ്റില്ലെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്റിനു പോലും നിമയനിര്‍മാണം നടത്താനാവാത്ത കാര്യത്തില്‍ നിയമസഭ നിയമമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഭരണ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ് ഇടതുമുന്നണി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാക്കും. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.


