മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ അര്‍ബുദരോഗബാധയെ തുടര്‍ന്നുണ്ടായ വിഷാദരോഗം ജെറ്റ് എയര്‍വെയ്സ് ജീവനക്കാരന്റെ ജീവനെടുത്തു. ജെറ്റ് എയര്‍വെയ്സ് സീനിയര്‍ ടെക്നീഷ്യന് ഷൈലേഷ് സിംഗ് (45) കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നും ചാടി ജീവനൊടുക്കി.

വെള്ളിയാഴ്ച വൈകുന്നേരം നല സോപോരയിലായിരുന്നു സംഭവം. ജെറ്റ് എയര്‍വെയ്സ് പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം അനിശ്ചിതമായി മുടങ്ങിയതിനാല്‍ ഷൈലേഷ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
അര്‍ബുദ രോഗത്തിനു കീമോതെറാപ്പി ചെയ്തുവന്നിരുന്ന ഷൈലേഷ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിഷാദരോഗത്തിനു അടിമപ്പെടുകയും ചെയ്തു. ഷൈലേഷിന്റെ രണ്ടു മക്കളില്‍ ഒരാള്‍ ജെറ്റ് എയര്‍വെയ്സ് ജീവനക്കാരനാണ്. ജെറ്റ് എയര്‍വെയ്സ് സാമ്പത്തിക പ്രതിസന്ധിയിലായതിനു ശേഷം ആദ്യമായാണ് ഒരു ജീവനക്കാരന് ജീവനൊടുക്കുന്നത്.

