സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപമാണെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നടന്ന ലഖ്പതി ദീദി സമ്മേളനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി.
പശ്ചിമബംഗാളിലെ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഓഗസ്റ്റ് ഒമ്പതിനായിരുന്നു സംഭവം. നീണ്ട ഡ്യൂട്ടി സമയത്തിന് ശേഷം ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിക്കാനെത്തിയ 31കാരിയായ ഡോക്ടറെ പ്രതിയായ സഞ്ജയ് റോയ് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.കുറ്റവാളികളെയും അവരെ സഹായിക്കുന്നവരെയും ഒരു കാരണവശാലും വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍, സ്കൂള്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ പോലീസ് സംവിധാനം എന്നിങ്ങനെ എവിടെയാണെങ്കിലും വീഴ്ച അഭിസംബോധന ചെയ്യപ്പെടണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവത്തതാണെന്ന് മുകള്‍ത്തട്ടില്‍ നിന്ന് താഴേക്ക് വ്യക്തമായ സന്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


