ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധി തന്നെ അടുത്ത പ്രധാനമന്ത്രിയാവണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. രാഹുലിന് തന്റെ പാര്‍ട്ടി ജനതാദള്‍ സെക്യുലറിന്റെ പിന്തുണയുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.”രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകും. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നതില്‍ സംശയമില്ല.
അതിനായുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അദ്ദേഹത്തിനും പാര്‍ട്ടിക്കുമൊപ്പം ഞങ്ങള്‍ ഉണ്ടാകും.” കുമാരസ്വാമി വ്യക്തമാക്കി. തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച്.ഡി ദേവഗൗഡയും ഇതു തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്നും കുമാരസ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും കടലാസ് പുലിയാണെന്നും കുമാരസ്വാമി പരിഹസിച്ചു. അതേസമയം പക്വത വന്ന ഒരു രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മോദി ജി നന്നായി സംസാരിക്കും. അദ്ദേഹത്തിന്റെ അവതരണവും നല്ലതാണ്. അദ്ദേഹം സോഷ്യല്‍മീഡിയയുടെ സാധ്യതകളും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എന്തെല്ലാമാണ്..?”- കുമാരസ്വാമി ചോദിച്ചു. നേരത്തെ, തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് പ്രധാനമന്ത്രിയാകാൻ യോഗ്യയെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടിരുന്നു.

