ദില്ലി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് താനും കൊല്ലപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഭാരതീയ ജനതാ പാര്‍ട്ടി തന്റെ പുറകേ തന്നെയുണ്ടെന്നും, ഒരു ദിവസം അവര്‍ തന്നെ കൊല്ലുമെന്നും ആംആദ്മി പാര്‍ട്ടിയുടെ തലവന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരന് ബിജെപിക്ക് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നയാളാണെന്ന് ദില്ലി മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തെ തള്ളി ദില്ലി പൊലീസ് രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത് ജോലിയില്‍ ആത്മാര്‍ത്ഥതയുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണെന്ന് ദില്ലി പൊലീസ് പ്രതികരിച്ചു. ദില്ലി പൊലീസ് ദില്ലി മുഖ്യമന്ത്രിക്ക് മാത്രമല്ല സുരക്ഷയൊരുക്കുന്നതെന്നും നിരവധി പ്രമുഖ വ്യക്തികള്‍ക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും ദില്ലി പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
ദില്ലി മോത്തി നഗറില്‍ ഈ മാസമാദ്യം റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജ്രിവാള് ആക്രമിക്കപ്പെട്ടിരുന്നു. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച വ്യക്തി ജനങ്ങള്‍ക്കിടയില്‍ നിന്നും അരവിന്ദ് കെജ്രിവാള് സഞ്ചരിച്ച തുറന്ന വാഹനത്തിന്റെ മുകളിലേക്ക് ചാടി കയറി മുഖത്തടിക്കുകയായിരുന്നു.

