കടപ്പ: ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡിക്ക് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ ആയിരങ്ങള്‍ അന്ത്യാഞ്ജലിയേകി. പുലിവെന്തുലയില്‍ വൈഎസ്ആറിന്റെ മൃതദേഹം സംസ്കരിച്ച രാജ റെഡ്ഡി ഘട്ടിലായിരുന്നു ചടങ്ങുകള്‍. വെള്ളിയാഴ്ച രാവിലെയാണു വീടിനുള്ളില്‍ വിവേകാനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാഷ്ട്രീയ സാധ്യതകള്‍ക്കൊപ്പം, കുടുംബത്തിലെ തര്‍ക്കങ്ങളും വ്യവസായ കുടിപ്പകയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഖനി വ്യവസായി ഉള്‍പ്പെട്ട തര്‍ക്കത്തില്‍ അടുത്തകാലത്തു വിവേകാനന്ദ റെഡ്ഡി ഇടപെട്ടിരുന്നു. വീട്ടുജോലിക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡ്രൈവര്‍ മര്‍ദിച്ചതായി ആരോപിച്ച് വിവേകാനന്ദ റെഡ്ഡി എഴുതിയതെന്നു പറയുന്ന കുറിപ്പും പുറത്തു വന്നിട്ടുണ്ട്. ഇതു ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനാണെന്നു വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന് മോഹന്‍ ആരോപിച്ചു. കുടുംബാംഗങ്ങളാണു പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നും തെളിവുനശിപ്പിക്കാന്‍ ശ്രമം നടന്നതായും നായിഡു തിരിച്ചടിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി.

