കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ അവരുടെ അനന്തരവന് സമരത്തില്‍ പങ്കാളിയായത് ശ്രദ്ധേയമായി. കൊല്‍ക്കത്ത കെ.പി.സി.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ അബേഷ് ബാനര്‍ജിയാണ് 4-ാം ദിവസത്തിലേക്ക് കടന്ന ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കാളിയായത്. ഇവിടെ സമരത്തിന് നേതൃത്വം നല്‍കുന്നത് അബേഷാണ്. സമരം ബിജെപിയുടേയും സിപിഎമ്മിന്റേയും ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചിരുന്നു.
കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. മതിയായ സുരക്ഷയില്ലാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഡോക്ടര്‍മാരുടെ സമര രീതിക്കെതിരെ രൂക്ഷപ്രതികരണമാണ് മമതയും സര്‍ക്കാരും നടത്തിയത്.
ഇതിനിടിയിലാണ് സമരത്തില്‍ മമതയുടെ അനന്തരവനടക്കം പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹദ് ഹക്കീമിന്റെ മകളും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

