ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേന ജവാന് വീരമൃത്യു. കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് സുരക്ഷാ സേനക്ക് നേരെ ആക്രമണമുണ്ടായത്.
മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുന്നു.. രണ്ടോ മൂന്നോ ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സേന അറിയിച്ചു.ജമ്മു കാശ്മീരിൽ ഭീകരരുമായി കഴിഞ്ഞമാസമുണ്ടായ ഏറ്റുമുട്ടലിലും ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. സിആർപിഎഫ് ജവാനായ കബീൻ ദാസ് ആണ് മരിച്ചത്. കത്വ ജില്ലയിലെ സെെദ സുഖാൽ ഗ്രാമത്തിൽ ജൂൺ പതിനൊന്നിന് രാത്രിയുണ്ടായ ആക്രമണത്തിനിടെയാണ് ജവാന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഇദ്ദേഹത്തെ സെെനിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


