അമൃത്സര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടില്‍ ശമ്പളത്തിന്റെ ഇരട്ടിത്തുക. പഞ്ചാബിലാണ് സംഭവം. സര്‍ക്കാരിന്റെ ദീപാവലി സമ്മാനമാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 
ഏതാണ്ട് 50 കോടി രൂപയോളമാണ് ഇങ്ങനെ അധിക തുകയായി പലരുടെയും അക്കൗണ്ടിലേക്ക് പോയിരിക്കുന്നത്. അധികമായി ചേര്‍ത്ത തുക ആരും പിന്‍വലിക്കരുതെന്ന് ജീവനക്കാരോട് നിര്‍ദേശിക്കുന്ന അറിയിപ്പും മണിക്കൂറുകള്‍ക്കുള്ളില്‍ വന്നു. ജില്ലാ ട്രഷറി ഓഫീസര്‍ എ കെ മൈനി എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെ തലവന്മാര്ക്കും അധികമായി ചേര്‍ത്ത തുക ഉടന്‍ തിരിച്ചെടുക്കുമെന്നും അതിനിടയ്ക്ക് ആരും തുക പിന്‍വലിക്കരുതെന്ന നോട്ടീസും അയച്ചു.


