വാരണസി: ബന്ധുക്കളുടെ എതിര്‍പ്പിനെ മറികടന്ന് വാരണസിയിലെ ഒരു കുടുംബത്തിലെ അര്‍ധസഹോദരിമാര്‍ വിവാഹിതരായി. നഗരത്തിലെ ഒരു ശിവക്ഷേത്രത്തില്‍ പുരോഹിതന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായ ഇവര്‍ വിവാഹഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിശുദ്ധ നഗരമെന്നറിയുന്ന വാരാണസിയില്‍ സംഭവം വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരിക്കുകയാണ്. വാരണാസിയില്‍ നടക്കുന്ന ആദ്യ സ്വവര്‍ഗവിവാഹമാണിത്.
രോഹാനിയയില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് വാരണസിയിലെ ശിവക്ഷേത്രത്തിലെത്തി വിവാഹം കഴിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. വിവാഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ വിവാഹത്തിനായി ചുവന്ന ചുന്നി ധരിക്കുകയായിരുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനാകില്ലെന്നായിരുന്നു പുരോഹിതന്റെ നിലപാട്. എന്നാല്‍ വിവാഹം നടത്തിതരാതെ തിരികെപോകില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ തന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് പുരോഹിതന് വിവാഹചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്.
സംഭമറിഞ്ഞ് നിരവധിപേര്‍ ക്ഷേത്രപരിസരത്ത് എത്തിയെങ്കിലും സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുന്‍പ് പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ നിന്നും മടങ്ങി. ഇതിനിടെ വിവാഹം നടത്തിയതിന് ക്ഷേത്രത്തിലെ പുരോഹിതനെതിരെയും വിമര്‍ശനമുയര്‍ന്നു. കാന്‍പൂരില്‍ നിന്ന് ബന്ധുവീട്ടില്‍നിന്ന് പഠിക്കാനെത്തിയ പെണ്‍കുട്ടിയാണ് അര്‍ധസഹോദരിയെ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പെണ്‍കുട്ടികള്‍ വിവാഹിതരായത്.

