കേരള തീരം മുതൽ ഗുജറാത്തിൻ്റെ തെക്കൻ തീരം വരെയാണ് ന്യൂനമർദം വ്യാപിക്കുന്നത്. ഇതിൻ്റെ ഫലമായി അടുത്ത ഏഴ് ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ സെപ്റ്റംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പൊതു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി ‘അസ്ന’ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരും. തുടർന്നു സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ, മധ്യ പശ്ചിമ ബംഗാളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും സമീപം രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി രൂപപ്പെട്ടു. ഇന്ന് അർദ്ധരാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം ലാൻഡ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.


