കൊച്ചി: ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ കൈക്ക് പൊട്ടലുണ്ടായി എന്ന് തെളിയിക്കുന്ന സി.ടി. സ്കാന്‍ റിപ്പോര്‍ട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ. കളക്ടര്‍ക്ക് നല്കി.
തിങ്കളാഴ്ച കളക്ടറേറ്റിലെത്തിയാണ് എം.എല്‍.എ. റിപ്പോര്‍ട്ട് നല്‍കിയത്. അപ്പോഴേക്കും ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ലാത്തിച്ചാര്‍ജ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു.
മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍നിന്നുള്ള സി.ടി. സ്കാന്‍ റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ എം.എല്‍.എ.യുടെ കൈമുട്ടിനടുത്ത് പൊട്ടലുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കൈക്ക് പൊട്ടലില്ലെന്ന് പോലീസ് പ്രചരിപ്പിച്ച സാഹചര്യത്തില്‍ സത്യാവസ്ഥ കളക്ടറെ ബോധ്യപ്പെടുത്തുന്നതിനാണ് സി.ടി. സ്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു.
ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെ എക്സ്റേ എടുത്തിരുന്നു. കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടതിനാല്‍ അവിടെ നിന്ന് പ്ലാസ്റ്റര്‍ ഇട്ടു. അതിനുശേഷം സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയപ്പോള്‍ പ്ലാസ്റ്ററിനു പകരം സ്ലിങ് ഇടുകയായിരുന്നു.

