കപ്പൂര് കൂനംമൂച്ചി പാറക്കൽ പള്ളിക്കു സമീപം അനധികൃതമായി സൂക്ഷിച്ച അലോപ്പതി, ആയുർവേദ മരുന്നു ശേഖരം പിടികൂടി. ആയുർവേദ, യുനാനി ചികിത്സ നടത്തിയിരുന്ന പത്തിരിപ്പാല മണ്ണൂർ സ്വദേശിയുടെ താമസസ്ഥലത്തുനിന്നാണു മരുന്നുകൾ പിടിച്ചത്.പാലക്കാട് ജില്ല ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫീസിൽ ഈമെയിൽ വഴി ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ ഡ്രഗ് കണ്ട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അധികൃതമായി സൂക്ഷിച്ച സൈക്കോ ട്രോപിക് , ആന്റിബയോട്ടിക്,ഷെഡ്യൂൾ H1 വിഭാഗത്തിൽ പെടുന്ന മാരക അസുഖങ്ങൾക്കുള്ളവ എന്നിങ്ങനെ പതിനായിരം രൂപ വില വരുന്ന മരുന്നുകൾ ആണ് കണ്ടെത്തിയത്.ചികിത്സ നടത്തിയിരുന്നയാൾ ചൊവ്വാഴ്ച ഇവിടെ നിന്നു പോയതായി പ്രദേശവാസികൾ പറഞ്ഞു. ഇയാൾ മന്ത്രവാദം ഉൾപ്പെടെ നടത്തിയിരുന്നതായും പറയുന്നു. പള്ളിയിൽ ജോലിക്കെത്തിയ ഇദ്ദേഹം പിന്നീടു സമീപത്തെ കെട്ടിടത്തിൽ താമസവും ചികിത്സയും തുടങ്ങുകയായിരുന്നു.ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാരായ ഡി.ദിവ്യ, എ.കെ ലിജീഷ്, എ കെ ഷഫ്നാസ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച അഞ്ചുമണി മുതൽ തുടങ്ങിയ പരിശോധന 10 മണി വരെ നീണ്ടുനിന്നു.


