കോലഞ്ചേരി: മൂവാറ്റുപുഴ മുന്‍ എം.എല്‍.എ കോലഞ്ചേരി എളൂര് കൊഴുമറ്റത്തില്‍ ഡോ. എ.വി. ഐസക് (94) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ മൂവാറ്റുപുഴയില്‍ പൊതുദര്‍ശനത്തിന് ശേഷം കോലഞ്ചേരിയിലെ വസതിയിലെത്തിക്കും. സംസ്കാരം 30ന് ഉച്ചയ്ക്ക് 12ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.
ആലുവ യു.സി കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. തുടര്‍ന്ന് കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേര്‍ന്നു. ഗവ. സര്‍വീസില്‍ ഡോക്ടറായി. സര്‍വീസില്‍ നിന്ന് രാജിവെച്ച് പൊതുപ്രവര്‍ത്തനരംഗത്തെത്തി.
1987ല്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിന്ന് സി.പി.ഐ സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തി. മൂവാറ്റുപുഴ വള്ളക്കാലില്‍ ആശുപത്രിയില്‍ ദീര്‍ഘകാലം ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ്, ഐ.എം.എ ഭാരവാഹി, കോലഞ്ചേരി മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്സ് കോളേജ്, വെല്ലൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഗവേണിംഗ് ബോഡി അംഗമായിരുന്നു.ഭാര്യ: പരേതയായ മേരി ഐസക് മഴുവന്നൂര്‍ കുടിലില്‍ കുടുംബാംഗമാണ്.
മക്കള്‍: പ്രൊഫ. ജോര്‍ജ് കെ. ഐസക് (റിട്ട. പ്രൊഫ. സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി), അബി കെ. ഐസക് (മുന്‍ മാനേജര്‍ ഫാക്ട് അമ്പലമുകള്‍, മാനേജര്‍ ഇ.എന്‍.ഒ.സി ഓയില്‍ കമ്പനി ദുബായ്), ജെസി, പ്രശാന്ത് മര്‍ക്കോസ് ഐസക് (ഗവ. കോണ്ട്രാക്ടര്), ഡോ. സുശീല്‍ ഏലിയാസ് ഐസക് (ലിസി ഹോസ്പിറ്റല്‍ എറണാകുളം), പരേതയായ അന്നമ്മ. മരുമക്കള്‍: കെ.എസ്. വിനോദ് (റിട്ട. ഫെഡറല്‍ ബാങ്ക്) കുഴിയേലില്‍ കൂത്താട്ടുകുളം, സൂസി ജോര്‍ജ് (റിട്ട. വൈസ് പ്രിന്‍സിപ്പല്‍ സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കടയിരുപ്പ്), കുഞ്ഞുമോള്‍, ഡോ. ജെയിംസ് മാണി തോലാനിക്കുന്നേല്‍ കൂത്താട്ടുകുളം, സുനിത, ഡോ. സ്മിത സുശീല്‍ (കാര്‍മല്‍ ഹോസ്പിറ്റല്‍ ആലുവ).


