കേരള പൊലീസിലെ 2 വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ചീവ്നിങ് സ്കോളർഷിപ് നേടി ഉപരിപഠനത്തിനായി യുകെയിലേക്ക്. ആർ. നിശാന്തിനിക്കും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിനുമാണു ബ്രിട്ടിഷ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫിസ് ഒരു വർഷത്തെ ബിരുദാനന്തര ബിരുദ പഠനത്തിനു നൽകുന്ന സ്കോളർഷിപ് ലഭിച്ചത്.
മെറിൻ ഓക്സ്ഫഡ് സർവകലാശാലയിൽ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസിയും നിശാന്തിനി ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ എംഎസ്സി പൊലീസിങ് കോഴ്സും ചെയ്യും. സെപ്റ്റംബറിൽ ക്ലാസ് ആരംഭിക്കും.മെറിൻ ഒരു വർഷത്തെ അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. നിശാന്തിനി ഇപ്പോൾ യുകെയിലാണു താമസിക്കുന്നത്.
യുകെയില്‍ പോയി പഠിക്കാന്‍ ഇന്ത്യയിലെ യുവ പ്രഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന സ്കോളര്‍ഷിപ്പാണ് ചീവ്നിങ് സ്കോളര്‍ഷിപ്പുകള്‍. ബിരുദവും രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയവുമാണ് ചീവ്നിങ് സ്കോളര്‍ഷിപ്പിനു വേണ്ടത്. ഫെല്ലോഷിപ്പുകള്‍ക്ക് അഞ്ച് വര്‍ഷം വരെ തൊഴില്‍ പരിചയം ആവശ്യമാണ്. യുകെയിലെ മൂന്ന് യൂണിവേഴ്സിറ്റി മാസ്റ്റേഴ്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യുകെയിലെ ഗവണ്മെന്റ് ഫണ്ട് ഉപയോഗിച്ച് നല്കുന്ന സ്കോളര്‍ഷിപ്പില്‍ മുന്‍പ് പഠിച്ചവര്‍ക്ക് ചീവ്നിങ് സ്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയുണ്ടാവില്ല.

