തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്കും മാറ്റം. ഇനി കെ.എസ്.ആര്.ടി.സി മൂന്ന് സോണുകളായി മാറുകയാണ്. ഇത്തരത്തില്‍ 3 സോണുകളായി തിരിച്ചകൊണ്ടുളള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞിരിക്കുകയാണ്. സൗത്ത് സോണ്‍ ,സെന്‍ട്രല്‍ സോണ്‍ ,നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. കോര്‍പ്പറേഷനെ പുനരുദ്ധരീകരിക്കുന്നതിനായി സുശീല്‍ ഖന്ന നല്കിയ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്.
ഓരോ മേഖലയുടെയും ചുമതല ഓരോ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ദക്ഷിണമേഖല. മദ്ധ്യമേഖലയില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളും ഉത്തരമേഖലയില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളും ഉള്‍പ്പെടും. സൗത്ത് സോണിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജി അനില്‍കുമാറിനെയും സെന്‍ട്രല്‍ സോണില്‍ എം റ്റി സുകുമാരനെയും, നോര്‍ത്ത് സോണില്‍ സിവി രാജേന്ദ്രനെയുമാണ് നിയമിച്ചിരിക്കുന്നത്.


