മലപ്പുറം: ദ്വയാർഥ പ്രയോഗവുമായി അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് ‘സൈലന്റ് ട്രോൾ’ മറുപടിയുമായി പി.കെ.കുഞ്ഞാലിക്കുട്ടി.
ആലത്തൂരിലും മലപ്പുറത്തും യുഡിഎഫ് തകർപ്പൻ വിജയം നേടിയതിനു പിന്നാലെ രമ്യയ്ക്കൊപ്പം താനും കുടുംബവും നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചാണ് കുഞ്ഞാലിക്കുട്ടി രമ്യയ്ക്ക് അഭിനന്ദനം അറിയിച്ചത്.
‘കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാർലമെന്റ് പ്രതിനിധി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങൾ രമ്യാ ഹരിദാസ്.’ – ഈ കുറിപ്പിനൊപ്പമാണ് കുഞ്ഞാലിക്കുട്ടി രമ്യയോടൊപ്പമുള്ള ചിത്രം പങ്കവച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേർത്തു എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ നടത്തിയ പരാമർശം വൻവിവാദത്തിന് വഴിവച്ചിരുന്നു. രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചതിനെക്കുറിച്ചായിരുന്നു വിജയാഘവന്റെ വിവാദ പരാമർശം.

