ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ലോക്സഭയിലേക്ക് ജയിച്ചുകയറുന്നത്. 1,71,053 വോട്ടുകളാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം.
കസ്തൂരിരംഗന്‍ പോയി പ്രളയവും കര്‍ഷക ആത്മഹത്യകളും ആഞ്ഞുവീശിയ ഇടുക്കിയില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും അടിപതറി. 2014 ലെ തോല്‍വിക്ക് യുഡിഎഫ് പലിശ സഹിതം കണക്കുതീര്‍ത്തു. കഴിഞ്ഞ തവണ അരലക്ഷം വോട്ടിന് കൈവിട്ട മണ്ഡലം അതിലും മികച്ച ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ തിരിച്ചുപിടിച്ചത്. യുഡിഎഫ് തരംഗം ഇടുക്കിയിലും ശക്തമായിരുന്നുവെന്ന് ഭൂരിപക്ഷത്തില്‍ നിന്ന് വ്യക്തം.
പ്രളയവും പ്രളയാനന്തര പുനര്‍നിര്‍മാണവും കര്‍ഷക ആത്മഹത്യകളുമാണ് ഇടുക്കി ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവമായി ഉയര്‍ന്നുവന്നത്. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ മാസങ്ങളില്‍ എട്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിനെ യു ഡി എഫ് മുഖ്യപ്രചാരണായുധമാക്കി. പി ജെ ജോസഫ് വിഭാഗത്തിന്റെ ഉറച്ചപിന്തുണ കൂടിയായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിജയം എളുപ്പമായി.
ജോയ്സ് ജോര്‍ജ് എന്ന എല്‍ ഡി എഫ് സ്വതന്ത്രനെ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷവും വിടാതെ പിന്തുടര്‍ന്ന വിവാദമായിരുന്നു കൊട്ടക്കാമ്പൂരിലേത്. കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ് ഭൂമി കയ്യേറിയെന്ന ആരോപണവും അതിനു പിന്നാലെയുണ്ടായ നിയമനടപടികളും ജോയ്സിന്റെ പ്രതിച്ഛായെ ബാധിച്ചു.
ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. ഇതില്‍ ഇടുക്കിയും തൊടുപുഴയും ഒഴികെ എല്ലാ നിയോജകമണ്ഡലങ്ങളും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒപ്പം നിന്നു. റോഷി അഗസ്റ്റിന്റെ ഇടുക്കിയും ജോസഫിന്റെ തൊടുപുഴയും മാത്രമായിരുന്നു യുഡിഎഫ് എംഎല്‍എമാര്‍.

