തിരുവനന്തപുരം: അടുത്ത നാല് ദിവസം കൂടി കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിർദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അംഗനവാടികളില്‍ നാളെ അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.


