തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ, ലൈഫ് ഗാർഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോൺസൻ ഗബ്രിയേലിനെയാണ് കാണാതായത്. പെൺകുട്ടിയെ രക്ഷിക്കാനായി ജോൺസൺ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോൺസണെ കാണാതാവുകയായിരുന്നു.
കരയിലേക്ക് പെൺകുട്ടിയെ എത്തിച്ചതിന് തൊട്ടുപിന്നാലെ വലിയൊരു തിരയിൽപ്പെട്ടാണ് ജോൺസണെ കാണാതായത്. തലയിൽ കനത്ത ആഘാതം വന്ന് വീണതിനാൽ ജോൺസൺ അബോധാവസ്ഥയിലാകാൻ സാധ്യതയുണ്ടെന്നും ഉടനടി രക്ഷിക്കാനായി സംവിധാനങ്ങളെയും രക്ഷാപ്രവർത്തകരെയും എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സ്ഥലത്ത് ജോൺസന്റെ ബന്ധുക്കളടക്കം എത്തി പ്രതിഷേധിക്കുകയാണ്.
കനത്തമഴയെ തുടർന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ നേരത്തേ രംഗത്തെത്തിയിരുന്നതാണ്. കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ ജൂൺ 20 മുതൽ ഒരാഴ്ച സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.

