സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോട്ടയത്ത് വടവാതൂര്‍ സ്വദേശി പി.എന്‍ ചന്ദ്രന് (74) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദ്ദ രോഗിയായിരുന്നു.
ഇതിന് പിന്നാലെ പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലും മരണം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ പ്രമാടം സ്വദേശി പുരുഷോത്തമന് (69) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിതന് ആയിരുന്നു. കാസര്‍ഗോട്ട് തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശി പി വിജയകുമാറാണ് (55) മരിച്ചത്. നേരത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയ വിജയകുമാറിനെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വീണ്ടും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. മൂന്നാഴ്ചയോളമായി പരിയാരത്ത് ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇയാളുടെ ഭാര്യയ്ക്കും മകള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.


