പാലക്കാട്: സംസ്ഥാനത്ത് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്ക്കെതിരേ വിമര്‍ശനവുമായി വി.ടി. ബല്‍റാം എംഎല്‍എ. പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേയെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പി മോഹനന് ഭഗവത് എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയിരിക്കുന്നത്. മാവോയിസത്തിന് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ലെന്നും, സംസ്ഥാന ആഭ്യന്തര വകുപ്പാണെന്നും ബല്‍റാം പറഞ്ഞു. വര്‍ഗീയ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പി. മോഹനനെതിരേ കേസെടുക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നുമാണ് പി. മോഹനന് നേരത്തേ പറഞ്ഞത്.
കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്കി വളര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


