ആലപ്പുഴ: കൊലപാതകം നടത്താനായി അജാസ് എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. മൊബൈൽ ഫോണിന്റെ കോൾ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. ഒരു പരിചയക്കാരന്റെ കാറിലാണ് അജാസ് വള്ളികുന്നത്തെത്തിയത്. എറണാകുളത്തുനിന്നു പെട്രോളും കൊടുവാളും വാങ്ങിയെന്നാണു വിവരം.വള്ളികുന്നത്ത് ഏതാനും മണിക്കൂർ അജാസ് തങ്ങിയെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇടയ്ക്കു മണപ്പള്ളി ജംക്ഷനിൽ പോയി ഭക്ഷണം കഴിച്ചു.
സൗമ്യയെ അജാസ് കാർ ഇടിച്ചു വീഴ്ത്തിയതിനു പിന്നാലെ ഇരുവരും തമ്മിൽ ഫോൺ സന്ദേശങ്ങളെച്ചൊല്ലി തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ അജാസ് കാറിൽനിന്ന് ആയുധം എടുക്കുന്നതു കണ്ടു സൗമ്യ അടുത്ത വീട്ടിലേക്ക് ഓടുകയായിരുന്നു. അപ്പോൾ അജാസ് പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയും കുത്തുകയും ചെയ്ത ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയെന്നാണു പൊലീസിനു ലഭിച്ച വിവരം. പ്രതി സഞ്ചരിച്ച കാറിന്റെ ഉടമ വള്ളികുന്നം പൊലീസിൽ ഹാജരായി.

