ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി. സമയ പരിധി കഴിഞ്ഞിട്ടും പിഡബ്ല്യുസി കരാറിന്റെ കരട് സമര്‍പ്പിക്കാത്തതിനാലാണ് നടപടിയെ ന്നാണ് വിശദീകരണം. 4,500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസ് നിര്‍മ്മിക്കുന്നതാണ് ഇ-മൊബിലിറ്റി പദ്ധതി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്നും സെബി നിരോധിച്ച കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് തള്ളിയിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കമ്പനിയുടെ ഓഡിറ്റിങ് വിഭാഗത്തിന് മാത്രമാണ് സെബി വിലക്കുള്ളത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് നിര്‍ദ്ദേശിച്ചത് കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ആണെന്ന് സ്പേസ് പാര്‍ക്ക് അധികൃതര്‍ തന്നെ വ്യക്തമാക്കി യിരുന്നു. ഇതിന് പിന്നാലെയാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

