കൊച്ചി: വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിയാണ് തള്ളിയത്. തുരങ്ക പാത നിര്‍മ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.
അതേസമയം വിധിപ്രസ്താവത്തിന് മുൻപായി സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി. ശാസ്ത്രീയ കാര്യങ്ങളിൽ കോടതി ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് – വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വര്‍ഷം ആഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചിരുന്നത്. ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് തുരങ്കപാത വരുന്നത്.


