ഒരുപാട് മികച്ച സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്കിയ ക്രെഡിറ്റ് എന്നും കേരള പോലീസിന് സ്വന്തമാണ്. അക്കൂട്ടത്തില്‍ ഒരു അംഗീകാരം കൂടി കേരള പോലീസിനെ തേടിയെത്തി യിരിക്കുകയാണ്. പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാ മികവിന് കേരള പോലീസിന് അംഗീകാരം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശ കാര്യമന്ത്രാലയം നല്കുന്ന അംഗീകാരമാണ് കേരള പോലീസിന് ലഭിച്ചിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തെ പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്കാണ് കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ പുരസ്കാരത്തി നായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതുസംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നല്കുന്ന ഈ പുരസ്കാരം കഴിഞ്ഞ വര്‍ഷവും കേരള പോലീസ് കരസ്ഥമാക്കിയിരുന്നു.

