കൊല്ലം: ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയ ശേഷമായിരുന്നു കൊറ്റങ്കര അയ്യരുമുക്ക് പ്രോമിസ് ലാന്റില്‍ രഞ്ജിത്ത് ജോണ്‍സണെ (40) പ്രതികള്‍ കൊലപ്പെടുത്തിയത്. ഇഞ്ചിഞ്ചായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടും തങ്ങളെ ജയിലില്‍ കാണാനെത്തിയ സുഹൃത്തുക്കളോടും ഇവര്‍ വെളിപ്പെടുത്തി.
2018 ആഗസ്റ്റ് 15 ഉച്ചയ്ക്ക് 2.30ന് പ്രാവിനെ വാങ്ങാനെന്ന വ്യാജേനെ രഞ്ജിത്തിന്റെ വീട്ടിലെത്തിയ കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് മദ്യം കഴിക്കാനായി ക്ഷണിച്ച് തന്ത്രപൂര്‍വമാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ബോക്സറായ രഞ്ജിത്ത് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂവരും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
വൈകിട്ട് 5.30ന് പോളച്ചിറ ഏലായിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചപ്പോഴും കൊലപ്പെടുത്തുമെന്ന് രഞ്ജിത്ത് കരുതിയിരുന്നില്ല. അടിച്ചൊടിച്ച് റോഡില്‍ ഉപേക്ഷിക്കരുതെന്നും വീടിനകത്ത് കൊണ്ടിട്ടാല്‍ അമ്മ നോക്കിക്കോളുമെന്നും പ്രതികളോട് രഞ്ജിത്ത് പറഞ്ഞു. ഇതിന് പിന്നാലെയാണ് വിരലുപയോഗിച്ച് കണ്ണ് ചൂഴ്ന്നെടുത്തത്. പ്രാണന് പിടയുന്ന വേദനയില്‍ ‘എന്നെ കൊന്നേക്കൂ’ എന്ന് നിലവിളിച്ചു. വെള്ളത്തിന് വേണ്ടി യാചിച്ചപ്പോള്‍ വായിലേക്ക് മൂത്രമൊഴിച്ചു. പിന്നീട് നാല് വശത്ത് നിന്നും ക്രൂരമായി മര്‍ദ്ദിച്ച് വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ത്ത് കൊലപ്പെടുത്തി.
16ന് പുലര്‍ച്ചെ നാഗര്‍കോവിലിന് സമീപത്തെ സമത്വപുരത്ത് ക്വാറി വേസ്റ്റുകള്‍ക്കിടയില്‍ കുഴിച്ച് മൂടിയ മൃതദേഹം പോലീസ് കണ്ടെത്തുന്നത് 22 ദിവസങ്ങള്‍ക്ക് ശേഷമാണ്.

