കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ പി രാമകൃഷ്ണന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച പ്രഹ്ളാദന് ഗോപാലന് എന്ന പ്രമുഖനായ നേതാവിന്റെ സഹോദരനാണ്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള പി. രാമകൃഷ്ണന്. പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ കോണ്‍ഗ്രസ് നിലപാടുകളും ആദര്‍ശവും ഉയര്‍ത്തിപ്പിടിച്ചിരുന്ന വ്യക്തിത്വമായിരുന്നു. സ്വകാര്യ സ്വത്ത് സമ്ബാദനത്തില്‍ താത്പര്യമില്ലാതിരുന്ന ഇദ്ദേഹം സ്വന്തം സ്വത്ത് വിറ്റ് പത്രം നടത്തുന്ന സാഹചര്യം വരെ ഉണ്ടായി.
മുന്‍ ഡി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി നിരന്തരം കലഹിക്കുകയും കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ചടുലമാക്കുകയും ചെയ്ത നേതാവുകൂടിയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ഖാദി ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനം നല്‍കിയിരുന്നുങ്കിലും അദ്ദേഹം അത് ഉപേക്ഷിച്ചു.

