തലശ്ശേരി: സി.ഒ.ടി.നസീറിനെ ആക്രമിച്ചതിന്റെ തലേദിവസം ശ്രമം നടത്തിയതായി ഒന്നും രണ്ടും പ്രതികളുടെ മൊഴി. നസീര്‍ സ്ഥിരമായി എത്താറുള്ള തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍നിന്ന് തിരിച്ചുവരുമ്ബോള്‍ ആക്രമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് ഒരാള്‍ മരിച്ചതിനാല്‍ ആള്ത്തിരക്കുകാരണം ആക്രമിക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസവും ഓവര്‍ബറീസ് ഫോളിയിലെത്തിയെങ്കിലും നസീറെത്തിയില്ല. പഴയ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് നസീറിനെ കണ്ടത്. ഒ.വി. റോഡിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ നസീറിനെ ബൈക്കില്‍ പിന്തുടര്ന്നു. കായ്യത്ത് റോഡിലെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. അക്രമം നടന്ന കായ്യത്ത് റോഡ്, ഓവര്‍ബറീസ് ഫോളി, ഒ.വി. റോഡ് എന്നിവിടങ്ങളില്‍ ഒന്നാംപ്രതി ശ്രീജില്‍, രണ്ടാംപ്രതി റോഷന് എന്നിവരെ എത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. പ്രതികളെ ഒളിവില്‍ക്കഴിഞ്ഞ സ്ഥലങ്ങളില്‍ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുക്കും.
സംഭവത്തിനുപിന്നില്‍ പ്രവര്ത്തിച്ചെന്നുകരുതുന്ന പൊന്ന്യം സ്വദേശിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. പണികൊടുക്കാന്‍ ഏല്‍പ്പിച്ചതിനാലാണ് സി.ഒ.ടി.നസീറിനെ ആക്രമിച്ചതെന്ന് പ്രതികള്‍ കഴിഞ്ഞദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. തലശ്ശേരി സി.ഐ. വികെ.വിശ്വംഭരന്, എസ്.ഐ. പി.എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒന്നും രണ്ടും പ്രതികളെ ഒരാഴ്ചത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്. 17-ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണം.

