വയനാട് മുള്ളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.വിജയൻ രാജിവെക്കുന്നതായി അറിയിച്ച് കെ.പി.സി.സി.ക്ക് കത്ത് നൽകി. പഞ്ചായത്തിലെ ക്വാറി ഉടമകളെ വഴിവിട്ട് സഹായിച്ചു എന്ന വ്യാജപ്രചരണം നടക്കുന്നതായും ഇതിനുപിന്നിൽ പാർട്ടിയിലെ ഒരു വിഭാഗം ആണെന്നും ആരോപിച്ചാണ് രാജി സന്നദ്ധത അറിയിച്ചത്
ക്വാറികൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മുള്ളൻകൊല്ലി പഞ്ചായത്തിൽ വലിയ വിവാദമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ വിഷയം ഉന്നയിക്കുന്നത് പ്രതിപക്ഷമല്ല, പാർട്ടിയിലെ ഒരു വിഭാഗമാണ്. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നു എന്നുള്ളതാണ് പ്രസിഡന്റ് പി കെ വിജയൻ ആരോപിക്കുന്നത്. അവഹേളനം സഹിച്ച് അധ്യക്ഷ സ്ഥാനത്ത് തുടരാൻ കഴിയില്ല എന്നാണ് കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുള്ളത്.

