തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വർണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐ ഓഫിസിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.
സ്വർണക്കടത്തിലെ പ്രതികളും ബാലഭാസ്കറുമായി ബന്ധമുള്ളവരുമായ പ്രകാശൻ തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങളാണു ശേഖരിച്ചത്. ബാലഭാസ്കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസുകൾ ഡിആർഐക്കു കൈമാറാനും ക്രൈംബ്രാഞ്ച് സംഘം ആലോചിക്കുന്നുണ്ട്. ഇതിനായി ഡിആർഐക്കു കത്തു നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തെ സംബന്ധിച്ച ഫൊറൻസിക് ഫലം ഒരാഴ്ചയ്ക്കകം ലഭ്യമാകും. സാക്ഷികളുടെയും മറ്റുള്ളവരുടെയും ഫോൺ കോൾ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. ബാലഭാസ്കർ ഉൾപ്പെടെ 5 പേരുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിലാണ്.
ബാലഭാസ്കറാണു വാഹനം ഓടിച്ചതെന്ന കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ല.എന്നാൽ ഈ വാഹനത്തെ ഒരു ഇന്നോവ പിൻതുടർന്നതായുള്ള ഇയാളുടെ മൊഴി പരിശോധിക്കും. ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച സാക്ഷികളുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. പള്ളിപ്പുറത്തെ രക്ഷാപ്രവർത്തകർ, പള്ളിമുക്കിലെ ജ്യൂസ് സ്റ്റാൾ നടത്തിപ്പുകാരൻ തുടങ്ങിയവരുടെ മൊഴിയാകും മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

