ഓപ്പറേഷന് സമുദ്രസേതുവിന്റെ പ്രഥമ ദൗത്യം വിജയകരമായി പൂര്‍ത്തിയായി. മാലി ദ്വീപിലെ പ്രവാസികളായ മലയാളികള്‍ ഉള്‍പ്പടെയുള്ള 698 യാത്രക്കാരുമായാണ് നാവികസേനയുടെ ഐ.എന്‍.എസ് ജലാശ്വ കൊച്ചിയിലെത്തിയത്. 440 പേര് മലയാളികളാണ് ഈ കപ്പലിലുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മാലി ദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്.
ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടുകപ്പലുകളില്‍ ആദ്യത്തേതാണിത്. നാവിക സേനയുടെ മറ്റൊരു കപ്പലായ ഐ.എന്‍.എസ്. മഗര്‍ അടുത്തദിവസം ദ്വീപിലെത്തും.
മാലി പോര്‍ട്ടില്‍ സുരക്ഷാ പരിശോധനകള്‍ക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്. തമിഴ്നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്.


