കോട്ടയം: അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ കെ.എം മാണിയെന്ന കേരള രാഷ്ട്രീയത്തിലെ മാണിസാറിന് ഉയര്‍ച്ചയുടേയും താഴ്ചയുടെയും കഥകളുണ്ടായിരുന്നു തന്റെ രാഷ്ട്രീയ ഡയറിയില്‍ രേഖപ്പെടുത്തിവെക്കാന്‍. എ.കെ. ആന്റണിയോടൊപ്പം നായനാര്‍ മന്ത്രിസഭ വിട്ട് 1982ല്‍ യു.ഡി.എഫ് എന്ന മുന്നണിക്ക് രൂപം കൊടുത്ത അതേ മാണി, യു.ഡി.എഫ് വിട്ടും വീണ്ടും പ്രവേശിച്ചും വിവാദങ്ങളുടെ തോഴനായപ്പോഴും തളര്‍ന്നില്ല. ഏത് രാഷ്ട്രീയ കാലാവസ്ഥയിലും ഫിനിക്സ് പക്ഷിയെ പോലെ പറന്നുയര്‍ന്നു. പക്ഷെ ചരല്കുന്നും ചര്‍ച്ചകളുമില്ലാത്ത മരണക്കിടക്കയില്‍ നിന്ന് ഒരിക്കല്‍ കൂടി പറന്നുയര്ന്നെത്താന് രാഷ്ട്രീയ ചാണക്യന് ശക്തിയില്ലാതായി പോയി.

കേരള കോണ്‍ഗ്രസിനെ കുറിച്ച് പറയുമ്പോഴെല്ലാം രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആദ്യം പറയുന്ന വാക്കുകള്‍ വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നാണ്. മാണി തന്നെ സമ്മാനിച്ച ഈ വാക്കുകള്‍ പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് പലരും വിട്ടുപോയപ്പോഴും മാണിക്കോ അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസിനോ കാര്യമായ ക്ഷതം സംഭവിച്ചിരുന്നില്ല. അത് കെ.എം മാണിയെന്ന അതികായന്റെ അടിത്തറ ഒന്ന് കൊണ്ട് മാത്രമായിരുന്നു.
യു.ഡി.എഫിനെ രൂക്ഷമായി വിമര്‍ശിച്ച് പുറത്ത് പോയി ഒടുവില്‍ തിരിച്ചെത്തിയപ്പോഴും മാണിയുടെ വാക്കുകള്‍ക്ക് മറ്റാരേക്കാളും വില കല്പിക്കുന്നുണ്ട് ഇന്നും യു.ഡി.എഫുകാര്‍. ലീഗ് കഴിഞ്ഞാല്‍ യു.ഡി.എഫിലെ ഏറ്റവും പ്രബലമായ സഖ്യ കക്ഷിയായി ഇന്നും കേരളകോണ്‍ഗ്രസ് എമ്മിന് നിലനില്‍ക്കാനായതും മാണിസാറിന്റെ സാന്നിധ്യം കൊണ്ട് തന്നെയാണ്. ബാര്‍ കോഴ വിവാദം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായതും, യു.ഡി.എഫിന് കനത്ത തോല്‍വി ഏറ്റ് വാങ്ങേണ്ടിവന്നതും കെ.എം മാണിയെ യു.ഡി.എഫില്‍ ഒറ്റപ്പെടുത്തിയിരുന്നുവെങ്കിലും മാണി എന്നും യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമായിരുന്നു.
കേരള കോണ്‍ഗ്രസ് രൂപംകൊണ്ടതിന് ശേഷം അഞ്ച് മാസത്തിനിടെ തകരുമെന്ന കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്റെ വാക്കുകളെ എന്നും മാണി പരിഹസിച്ചിരുന്നു. കാരണം കേരളാ കോണ്‍ഗ്രസില്‍ മാണിക്ക് അത്രത്തോളം ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ഇന്ന് ആ പാര്‍ട്ടി അരനൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. മകന് ജോസ് കെ മാണി എംപിയായി. തിരഞ്ഞെടുപ്പ് കാലത്ത് വരികള്‍ക്കിടയില്‍ വായിക്കാന്‍ ഇട നല്കുന്ന പ്രസ്താവനകളുമായി മാണി ഇനിയില്ല. ഒരു തിരഞ്ഞെടുപ്പ് കാലത്ത് സാന്നിധ്യമാകാന്‍ ആരോഗ്യം അനുവദിച്ചില്ല. ഇനി മടക്കമാണ്. ചര്‍ച്ചയും യോഗങ്ങളും ഇല്ലാത്ത ലോകത്തേക്കുള്ള മടക്കം.


