സംസ്ഥാനത്ത് 500 രൂപയില്‍ താഴെയുളള മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ വാടക ചീട്ടെഴുതാനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാനും ജനം നെട്ടോട്ടമോടുന്നു.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല.
ചെറിയ മൂല്യമുളള മുദ്ര പത്രങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ വലിയ വില കൊടുത്ത് മുദ്രപത്രങ്ങള്‍ വാങ്ങേണ്ട ഗതികേടിലുമാണ് ജനം. മുദ്ര പത്രം വാങ്ങുന്നത് നിര്‍ത്തുകയും സേവനങ്ങള്‍ ഒാണ്ലൈനാകുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. വീട്ട് വാടക, വസ്തു വില്‍പ്പന മുതല്‍ ഭൂരിഭാഗം ഉടമ്പടികള്‍ക്കും നോട്ടറി സാക്ഷ്യപ്പെടുത്തലിനും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ അവ കിട്ടാതായതോടെ ഉടമ്പടികള്‍ 500 രൂപയുടെ മുദ്രപത്രത്തിലും പിന്നീട് 1000 രൂപയുടെ മുദ്രപത്രത്തിലേക്കും മാറിയിരുന്നു.


