തിരുവനന്തപുരം: മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള പുനര്‍നിര്‍മാണം കൂടി ലക്ഷ്യമിട്ടു വീണ്ടും വിദേശ യാത്രയ്ക്ക് ഇന്നു പുറപ്പെടുമ്പോള്‍ മുന്‍പു നടത്തിയ യാത്രകള്‍ കൊണ്ട് എന്തു ഗുണമുണ്ടായെന്ന് ആര്‍ക്കുമറിയില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞ ഒക്ടോബറിലാണു 4 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തിയത്. സംഘം മടങ്ങിയെത്തി 4 മാസം കഴിഞ്ഞപ്പോള്‍ നിയമസഭയില്‍ വി. ടി. ബല്‍റാം എംഎല്‍എ 4 ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോടു ചോദിച്ചു.
പ്രളയ ദുരിതാശ്വാസത്തിനു സംഭാവന അഭ്യര്‍ഥിക്കാന്‍ മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നോ?, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്ര തുക സംഭാവനയായി കിട്ടി?, ഗള്‍ഫ് യാത്രയ്ക്കായി എത്ര തുക ചെലവഴിച്ചു?, യാത്രയില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചവര്‍ ആരൊക്കെ.?
ഈ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടു രണ്ടര മാസം കഴിഞ്ഞു. ഒന്നിനു പോലും ഇതുവരെ മറുപടി നല്കാന് സര്‍ക്കാര്‍ തയാറായിട്ടില്ല. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ ‘കേരളത്തിനൊപ്പം’ എന്ന പേരില്‍ സമ്മേളനം മുഖ്യമന്ത്രിക്കായി സംഘടിപ്പിച്ചിരുന്നു. വ്യവസായ പ്രമുഖരുമായി ദുബായില്‍ കൂടിക്കാഴ്ചയും നടത്തി.

