താമരശ്ശേരിയിൽ വീണ്ടും ജ്വല്ലറി മോഷണം. പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും ജ്വല്ലറി ലോക്കർ പൊളിക്കാനായില്ല. തുടർന്ന് അരകിലോ വെള്ളി ആഭരണങ്ങൾ കവർന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നേരത്തെ താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള ജ്വല്ലറിയുടെ ചുവര് തുരന്ന് അകത്ത് കടന്ന് മോഷണം നടന്നിരുന്നു. ലോക്കർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ അൻപത്തിയഞ്ച് പവന് സ്വർണം കവർന്നു. ഈ കവർച്ച നടന്ന ജ്വല്ലറിയിൽ നിന്ന് 700 മീറ്റർ മാത്രം അകലെയാണ് സമാനമായ മോഷണം നടന്നത്. സിയ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അര കിലോ വെള്ളിയുമായി കടന്നുകളഞ്ഞു. ജ്വല്ലറി കാബിനറ്റിൽ കയറാനുള്ള ശ്രമം പരാജയപ്പെട്ടു. ലോക്കർ തകർത്താൽ വൻ മോഷണം നടക്കുമായിരുന്നു.


