കൊച്ചി: എറണാകുളം ജില്ലയില്‍ സ്കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കലക്ടര്‍. നിപ രോഗബാധ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടണോയെന്ന കാര്യം പരിശോധിച്ചിരുന്നു. സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കേണ്ട തരത്തില്‍ ഗുരുതരമായ സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ നടപടി.
സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് ഇന്ന് രാവിലെ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ ജൂണ്‍ ആറിനു തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം, സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്നത് വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടയാക്കുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയിരുന്നു. കൂടാതെ, സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയമുയരാനും ഇത് ഇടയാക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു.

