കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു വീണ്ടും വഴി തെറ്റി. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
കോഴിക്കോട് രാമനാട്ടുകരയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടയത്. 10 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിനു സമീപമെത്തിയപ്പോള്‍ അകമ്പടി വാഹനത്തിനു മുന്നില്‍ ഒരു ട്രെയിലര്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നില്‍ നിന്നും അകമ്പടി വാഹനങ്ങള്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയതോടെ ട്രെയിലറിന്റെ ഡ്രൈവര്‍ വാഹനം ഒതുക്കി. എന്നാല്‍ മേല്‍പ്പാലത്തിനു താഴെയുള്ള വഴിയിലൂടെ യൂ ടേണ്‍ എടുത്ത് ഇടതുവശത്തുള്ള റോഡിലേക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ വാഹനം മേല്‍പ്പാലത്തിനു മുകളിലൂടെ നേരെയാണ് പോയത്.
പിന്നീടാണ് വഴി തെറ്റിയ വിവരം പോലീസ് ഡ്രൈവര്‍മാര്‍ക്ക് മനസിലായത്. ഉടന്‍ വാഹനം തിരിച്ച് വീണ്ടും മേല്‍പ്പാലത്തിലൂടെ എത്തിയശേഷമാണ് ഇടതുവശത്തുള്ള റോഡിലേക്ക് പ്രവേശിച്ചത്. സംഭവത്തേ തുടര്‍ന്ന് സിറ്റി ട്രാഫിക് എസ്ഐ ഗണേശന്, ഡ്രൈവര്‍ ബൈജു, സത്യനേശന് എന്നിവരേയാണ് സസ്പെന്‍ഡ് ചെയ്തത്.

