കണ്ണൂർ∙ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി വടകരയില്‍ സ്വതന്ത്രനായി മല്‍സരിച്ച സി.ടി.ഒ.നസീര്‍. കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഷംസീറാണെന്ന് നസീര്‍ ആരോപിച്ചു.
ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടും കേസ് അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഷംസീറിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും നസീര്‍ പറഞ്ഞു. വധശ്രമക്കേസിൽ പി.ജയരാജന് പങ്കില്ലെന്ന് സി.ഒ.ടി.നസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ജനപ്രതിനിധിയും രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചന നടത്തിയെന്നാണ് അന്നു പറഞ്ഞത്.
മുൻ സിപിഎം പ്രാദേശിക നേതാവ് കൂടിയായ നസീറിനെ കഴിഞ്ഞ മാസം 18–നു രാത്രിയിലാണ് മൂന്നംഗ സംഘം തലശേരിയിൽ വച്ച് ആക്രമിച്ചത്. സുഹൃത്തും മുൻ എസ്എഫ്ഐ നേതാവുമായ സി.എച്ച്. നൗറിഫിനൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണു നസീർ ആക്രമിക്കപ്പെട്ടത്. കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
പാർട്ടിയിൽ വിമതസ്വരം ഉയർത്തുകയും പ്രാദേശികമായി സമാന ചിന്താഗതിക്കാരെ സംഘടിപ്പിക്കുകയും ചെയ്തതു മുതൽ പാർട്ടിയുടെ ചില പ്രാദേശിക നേതാക്കൾക്കു കണ്ണിലെ കരടായിരുന്നു നസീർ. വടകരയിൽ മത്സരത്തിനിറങ്ങിയതു പാർട്ടി പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു. പ്രചാരണത്തിനിടെ രണ്ടുവട്ടം നസീറിനെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി. ഭീഷണി കോളുകൾ വരുന്നതായി നസീർ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.

