സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ. റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്കുന്ന വിശദീകരണം. റവന്യുവിഭാഗത്തിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്കാണ് നഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീൽ പറയുന്നത്.
സംഭവത്തിൽ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.ജോലി സമയത്ത് ഓഫീസിൽ റീൽസ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങൾ സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ചത് പൊതുസമൂഹത്തിൽ നഗരസഭയ്ക്കും ജീവനക്കാർക്കും എതിരായ വികാരം ഉണ്ടാകാൻ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നും ദുരന്ത നിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയതെന്നും വിശദീകരണത്തിൽ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.


