കൊച്ചി: എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗിയിലെ ലക്ഷണങ്ങള്‍ക്കു നിപ്പയോടു സാദൃശ്യമുണ്ടെന്നും അതിനാല്‍തന്നെ നിപ്പയാണെന്നു കരുതി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി കൊച്ചിയിലെ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ നിപ്പയാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയൂ. ചികിത്സയിലുള്ള രോഗി നിലവില്‍ രോഗി അപകടകരമായ നിലയിലല്ല. രോഗിയെ ചികിത്സിക്കുന്ന ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. നിപ്പയാണെങ്കില് പോലും മറ്റു രോഗികള്‍ക്ക് ഇതുകൊണ്ടു ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
ചികിത്സയില്‍ കഴിയുന്ന രോഗിയുമായി ഇടപെട്ട 86 പേരുടെ പട്ടിക തയാറാക്കി. ഇവര്‍ നിരീക്ഷണത്തിലാണ്. എന്തുവന്നാലും ആത്മവിശ്വാസത്തോടെ നേരിടാനുള്ള തയാറെടുപ്പുകള്‍ ആരോഗ്യവകുപ്പ് നടത്തിക്കഴിഞ്ഞു. നിപ്പ ലക്ഷണങ്ങളോടെ എത്തുന്ന രോഗികളുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനത്തെ മറ്റ് ആശുപത്രികള്‍ക്കു വിവരം നല്‍കിയിട്ടുണ്ട്. നിപ്പയെന്ന കരുതലോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
സംശയനിവാരണത്തിനായി കണ്ട്രോള് റൂമും തുറന്നു. 1077, 1056 എന്നീ നന്പറുകളില് വിളിച്ചാല്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും നടത്തിയാല്‍ ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.

